മലയാള കവിതയുടെ ശക്തിയും സൗന്ദര്യവും ആത്മാവും ഉൾക്കൊണ്ട് ഇടയ്ക്കിടെ സംവാദങ്ങളും സർഗ്ഗ സദസ്സും നടത്തിയിരുന്ന ഒരു ചെറിയ കൂട്ടായ്മ ഉണ്ടായിരുന്നു. എന്താണവരുടെ പൊതുവായ ചാലകശക്തി? ദൈവത്തിന്റെ സ്വന്തം നാടെന്ന് അറിയപ്പെടുന്ന കൊച്ചു കേരളത്തിൽ നിന്ന് വന്ന് അതിമനോഹരവും, ചിലപ്പോൾ അതി ശൈത്യത്താൽ മരവിച്ചു പോകുന്ന കനേഡിയൻ പട്ടണമായ കാൽഗറിയിൽ താമസിക്കുന്നവരാണവർ. അന്തരീക്ഷം തണുത്തുറയുമ്പൊഴും ശിശിരം ശരീരത്തെയും മനസ്സിനെയും നിഷ്ക്രിയമാക്കുമ്പോഴും മലയാള സാഹിത്യത്തിൻറെ ഊർജവും പ്രസരിപ്പും അവർ മനസ്സിൽ കാത്തു സൂക്ഷിച്ചു. അന്ന്, 2010 ഒക്ടോബറിൽ ഒരു നാൾ, കേരളത്തിന്റെ നിസ്സംഗനും നിസ്വനായ കവി ശ്രീ. എ.അയ്യപ്പൻറെ മരണവർത്തയറിഞ്ഞ് അവർ വീണ്ടും ഒത്തു കൂടി. കവിയ്ക്ക് ആദരാഞ്ജലി അർപ്പിച്ചു; കവിതകൾ ചൊല്ലി പിരിഞ്ഞു. പക്ഷെ, കാൽഗറിയിൽ മലയാള ഭാഷയും സാഹിത്യവും കവിയുടെ ജീവിതം പോലെ അത്രമേൽ അനാഥവും ദരിദ്രവും അനവധാനവുമാണെന്ന യാഥാർഥ്യം അവരെ അസ്വസ്ഥരാക്കി. വളർന്നു വരുന്ന കുഞ്ഞുങ്ങൾ, പാശ്ചാത്യ സംസ്കാരവും ഭാഷയും ഭക്ഷണവും മനസ്സാ വരിക്കുന്നതും അവരുടെ രക്ഷിതാക്കൾ അതിന്റെ നിസ്സഹായരായ കാഴ്ചക്കാരാവുകയും ചെയ്യുന്ന അസഹനീയമായ ദുരവസ്ഥയ്ക്ക് മാറ്റം വരുത്താൻ അവർ ഒരു പദ്ധതി വിഭാവനം ചെയ്തു: കാവ്യസന്ധ്യ കാൽഗറി.
2010 -ൽ തുടങ്ങുമ്പോൾ തികച്ചും അനൗപചാരികവും പരിമിതവുമായ പിന്തുണ മാത്രമേ കാവ്യസന്ധ്യയ്ക്ക് ഉണ്ടായിരുന്നുള്ളു. 2012 -ലെ പൊതു കവിതാ സദസ്സ് ഹാൾ എടുത്തു നടത്തുന്നത് വരെയും ഈ ഗ്രൂപ് അവരുടെ വീട്ടിലെ ബേസ്മെന്റുകളിൽ ആണ് കൂടിയിരുന്നത്. എന്നാൽ അവരുടെ അക്ഷീണ പ്രവർത്തനം കൊണ്ട്, ക്രമേണ കാവ്യാസ്വാദകരുടെ ഒരു സമൂഹം കാൽഗറിയിൽ ഉരുത്തിരിഞ്ഞു വന്നു. വേദിയും സദസ്സും വര്ഷം തോറും വലുതാവുകയും കൊച്ചു കുട്ടികൾ മുതൽ വന്ദ്യ വയോധികർ വരെ നിറയുന്ന ഹാളുകൾ, വെറുതെ കവിത കേൾക്കാൻ ഇഷ്ടപ്പെട്ടു വരുന്ന അഭ്യുദയ കാംക്ഷികൾ, അങ്ങനെയങ്ങനെ കാൽഗറിയിലെ മലയാളി സമൂഹത്തിന് ഒരു സാംസ്കാരിക മുഖം നൽകാൻ ഇന്ന് കാവ്യസന്ധ്യക്ക് എളിയ രീതിയിൽ സാദ്ധ്യമാവുന്നുണ്ട്.
കാവ്യസന്ധ്യ തുടങ്ങിയ നാൾ മുതൽ തന്നെ വർഷത്തിലൊരിക്കലെങ്കിലും കാൽഗറിയിൽ കവിതാപാരായണ സദസ്സ് നടത്താനും കവിത ചൊല്ലുന്നവർക്കെല്ലാം വിവേചനമെന്യേ വേദിയൊരുക്കാനും അവർ ശ്രദ്ധിച്ചിരുന്നു. കാവ്യസന്ധ്യയുടെ വേദികളിൽ പൂർവ കവിത്രയങ്ങളായ ആശാൻ, ഉള്ളൂർ, വള്ളത്തോൾ മുതൽ നവോത്ഥാനകാലത്തെ മലയാള കവികളിലൂടെ സമകാലിക കവികളെയും അത്യന്തം നൂതന സൃഷ്ടികൾ വരെ പരിചയപ്പെടാനാവും. ഇന്ന്, അഞ്ചോളം പുതിയ കവികൾ കാൽഗറിയിൽ സ്വന്തം രചനകൾ ആലപിക്കുന്നു എന്നത് സംഘാടകരെ സംബന്ധിച്ചിടത്തോളം ചാരിതാർഥ്യജനകമാണ്. അതുപോലെ തന്നെ കാൽഗറിയിൽ ജനിച്ചു വളർന്ന കുട്ടികൾ അതിശയിപ്പിക്കുന്ന അക്ഷര സ്ഫുടതയോടെ മലയാള കവിതകൾ ചൊല്ലുന്ന നയനാനന്ദകരമായ കാഴ്ച ഏവരെയും ആനന്ദിപ്പിക്കും.
ചുരുക്കത്തിൽ, 2010-ൽ കാവ്യസന്ധ്യ കൊളുത്തിയ തിരിനാളം ഇന്നും അണയാതെ കഴിഞ്ഞ പ്രൗഢോജ്വലമായ 9 വർഷങ്ങളിലൂടെ ഒരു വഴി വിളക്കു പോലെ തെളിഞ്ഞു നിൽക്കുന്നു. വർഷം തോറും കാൽഗറിയുടെ മനോഹരമായ ഭൂമികയിൽ വസന്തത്തെ ആനയിക്കാൻ തയ്യാറായി നിൽക്കുന്ന മെയ് മാസ സായാഹ്നത്തിൽ അരങ്ങേറുന്ന കാവ്യസന്ധ്യയുടെ വാർഷികത്തിൽ ഇപ്പോൾ ഇരുപതോളം മുതിർന്നവരും അത്രയും തന്നെ കുട്ടികളും കവിത ചൊല്ലാറുണ്ട്. 4 വയസ്സ് മുതൽ ഏതു പ്രായത്തിലും ഉള്ളവർക്ക് ജാതി മത ലിംഗ വർണ്ണ ഭേദമെന്യേ പങ്കെടുക്കാവുന്ന ഒരു സ്വതന്ത്ര സഹകരണ സമൂഹമായി, കെടാവിളക്കായി, കാൽഗറിയുടെ മനോഹാരിതയ്ക്കു മാറ്റ് കൂട്ടുകയാണ് കാവ്യസന്ധ്യ.
കാവ്യസന്ധ്യയുടെ പരിപാടികൾ തുടങ്ങിയ നാൾ തൊട്ടിന്നു വരെ പങ്കെടുക്കുന്നവർക്കും കാണികൾക്കും സൗജന്യമായിട്ടാണ് നടത്തിവരുന്നത്. പ്രവേശനത്തിന് ടിക്കറ്റോ ഫീസോ പതിവില്ല. കവിതാസ്വാദകരുടെയും സുഹൃത്തുക്കളുടെയും അഭ്യുദയകാംക്ഷികളുടെയും സ്നേഹപൂർവമായ നിർബന്ധത്താൽ കഴിഞ്ഞ രണ്ടു മൂന്നു വർഷമായി വാർഷിക സദസ്സിന്റെ ചിലവുകൾ നടത്തുന്നതിലേക്ക് സംഭാവനകൾ സ്വീകരിച്ചു വരുന്നു.
കൂടുതൽ വിവരങ്ങൾക്കും കാവ്യസന്ധ്യയിൽ ഭാഗഭാക്കാവുന്നതിനും വിളിക്കുക: +1 403 6139256 / +1 587 3062275